Society Today
Breaking News

കൊച്ചി: 60 വയസിനു മുകളിലുള്ള 600 പേരടങ്ങുന്ന വയോജനങ്ങളുടെ സംഘം  കൊച്ചി മെട്രോ റെയിലിലും, വാട്ടര്‍ മെട്രോയിലും  യാത്ര നടത്തി.കോട്ടയം വാഴൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നാണ് കൊച്ചി മെട്രോയിലേക്ക് സംഘം എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജിയുടെ നേതൃത്വത്തില്‍ മെമ്പര്‍മാരടക്കം 55 വോളണ്ടിയര്‍മാരുള്‍പ്പെടെ 655 പേരടങ്ങുന്നതായിരുന്നു സംഘം. കെ.എം.ആര്‍.എല്ലിന്റെ സഹകകരണത്തോടെയായിരുന്നു യാത്ര.16 ബസുകളിലായി രാവിലെ 10 മണിയോടെ സംഘം തൃപ്പൂണിത്തുറയില്‍ നിന്ന് രണ്ടായി തിരിഞ്ഞാണ് യാത്ര നടത്തിയത്.

ബസുകള്‍ക്ക് മറൈന്‍ െ്രെഡവ് ഹെലിപ്പാഡ് ഗ്രൗണ്ട് ,ഇടപ്പള്ളി മെട്രോ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയത്.ഒരു സംഘം നേരിട്ട് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടര്‍ മെട്രോ ടെര്‍മിനലിലെത്തി വാട്ടര്‍ മെട്രോ യാത്ര നടത്തി. രണ്ടാമത്തെ സംഘം എസ്.എന്‍ ജംഗ്ഷന്‍ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഇടപ്പള്ളി സ്‌റ്റേഷനിലേക്ക് മെട്രോ റെയില്‍ യാത്ര നടത്തി . ആദ്യം വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്ത സംഘം അതിനു ശേഷം റോഡ് മാര്‍ഗം മുട്ടം സ്‌റ്റേഷനിലെത്തി അവിടെ നിന്ന് തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷനിലേക്ക് മെട്രോ റെയില്‍ യാത്ര നടത്തി.

മെട്രോ റെയിലില്‍ സഞ്ചരിച്ച് ഇടപ്പള്ളിയിലിറങ്ങിയ ആദ്യ സംഘം റോഡ് മാര്‍ഗം ഹൈക്കോടതി ജംഗ്ഷനിലെ ടെര്‍മിനലിലെത്തി വാട്ടര്‍ മെട്രോ യാത്ര നടത്തി.വാട്ടര്‍ മെട്രോ ടെര്‍മിനലിലും ബോട്ടുകളിലും മെട്രോ റെയില്‍ സ്‌റ്റേഷനുകളിലും മെട്രോ റെയില്‍  വാട്ടര്‍ മെട്രോ ജീവനക്കാരുടെയും മറ്റ് കെ.എം.ആര്‍.എല്‍ അധികൃതരുടെയും മേല്‍ന്നോട്ടത്തിലായിരുന്നു യാത്ര.വാര്‍ത്താ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയയിലൂടെയും മാത്രം കണ്ടും കേട്ടുമറിഞ്ഞ മെട്രോ റെയില്‍ യാത്രയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഉയരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്ര എല്ലാവര്‍ക്കും പുതിയ അനുഭവം ആയിരുന്നു. പൊതുഗതാഗത രംഗത്തു വന്ന മാറ്റങ്ങള്‍ നേരില്‍ അറിഞ്ഞു തികഞ്ഞ സന്തോഷത്തോടെയാണ് ഇവര്‍ വാഴൂരിലേക്ക് മടങ്ങിയത്.600 വയോജനങ്ങള്‍ എത്തുന്നതിനാല്‍ പഞ്ചായത്ത് അധികൃതരും മെട്രോ അധികൃതരും തമ്മില്‍ കഴിഞ്ഞ ദിവസം നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.

മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ ഇരു വിഭാഗവും ചേര്‍ന്ന് യാത്രകള്‍ പൂര്‍ത്തിയാക്കി. മെട്രോയുടെ ഭാഗത്തു നിന്നുള്ള സഹകരണം വളരെ വലുതായിരുന്നു എന്നും ഇത്രയധികം പേര്‍ക്ക് അതി നൂതന ഗതാഗത സംവിധാനങ്ങള്‍ പരിചയപ്പെടിത്താനായതില്‍ സന്തോഷമുണ്ടെന്നും വാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.ഒരുമിച്ചെത്തിയ ഇത്രയധികം ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ സൗകര്യങ്ങള്‍ ഒരുക്കനായതിലും ഇത്ര വലിയ പിന്തുണ ലഭിക്കുന്ന തരത്തിലേക്ക് മെട്രോ മുന്നേറിയതിലും അഭിമാനമുണ്ടെന്ന് കെ എം ആര്‍ എല്‍ അധികൃതരും പറഞ്ഞു.
 

Top